05‏/10‏/2011

വിനീഷേട്ടന്‍ പറ്റിച്ച പണി



നാലാം  ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞ സമയം..!! ഫുള്‍ ടൈം പാടത്ത് തന്നെയാണ്..

നാടും കൊയ്ത്തും ഒന്നും ഇല്ലാതെ കിടക്കുന്ന ഒഴിഞ്ഞ പാടത്ത് നല്ല പൊള്ളുന്ന വെയിലത്ത്‌
ക്രിക്കറ്റും, ഫുട്ബോളും ,ലഗോറിയും, പമ്പരം കൊത്തും ഒക്കെ  കളിച്ച് വൈകുന്നേരം വരെ..!!




രാവിലെ പാടത്തേക്ക് ഇറങ്ങിയാല്‍ ചിലപ്പോ വൈകുന്നേരം ഏഴു മണി ഒക്കെ ആകും വീട്ടില്‍ കയറാന്‍
ചിലപ്പോ ആരെങ്കിലും വന്നു വിളിച്ച്  ഊണ് കഴിക്കാന്‍ ഉച്ചക്ക് വീട്ടില്‍ പോയാല്‍ ആയി...!!
അല്ലെങ്കില്‍ ഏതെങ്കിലും മാവില്‍ കല്ലെറിഞ്ഞ് നല്ല പുളിയന്‍ മാങ്ങയും ഉപ്പും കൂടി അടിക്കും....!!

പിന്നെ ,.. ഞാവല്‍ പഴം, ഐനിച്ചക്ക, അരിപ്പുളി,ഇരുമ്പാം പുളി, ലൂബിക്കായ,ചാമ്പക്കായ,അരി നെല്ലിക്ക..
ഇതൊക്കെയാണ് ഭക്ഷണം..

ഇതൊക്കെ തിന്ന് അതിന്റെ  മേലെ  വെള്ളം കുടിച്ചാല്‍ വയറ്റില്‍ ആകെ പ്രശ്നമാകും എന്ന് ഞാന്‍ കേട്ടിട്ടുണ്ട്...
പക്ഷെ അതൊക്കെ കഴിച്ച്‌ അതിനു മീതെ ഞങ്ങള്‍ അമ്മൂമ്മേടെ കിണറ്റില്‍ നിന്ന് ഒരു പാളതൊട്ടി മുഴുവന്‍ വെള്ളം 
കോരി കുടിക്കും എന്നിട്ടും  അന്നൊന്നും ഞങ്ങള്‍ക്ക് അങ്ങനെയെന്തെങ്കിലും ഒരു പ്രശ്നം വന്നിട്ടില്ല..!!

എങ്ങനെ വരാനാ... അത്ര അധ്വാനമാണ് ഞങ്ങള്‍ ചെയ്തിരുന്നത്...!!!
വാര്‍ക്ക പണിക്കാര് വരെ തോറ്റു പോകും...!! ഭക്ഷണം പോലും ഇല്ലാതെ കത്തുന്ന വെയിലത്ത്‌
വൈകുന്നേരം വരെ കളി തന്നെ കളി... അന്നൊന്നും എന്തെങ്കിലും മടുപ്പ് എനിക്ക് തോന്നിയിട്ടില്ല!!

അതിന് ഒരു കാരണവും ഉണ്ട്..
അന്ന് എനിക്ക് കിട്ടിയിരുന്ന പരോള്‍ ആണ് ആ രണ്ടു മാസത്തെ അവധി !!
എന്നെ പഠിക്കാന്‍ വേണ്ടി മാമന്റെ വീട്ടില്‍ കൊണ്ടാക്കിയിരുന്നു..!!!
എന്താന്നോ....!! ഞാന്‍ ചെറുപ്പത്തില്‍ ഭയങ്കര കുറുമ്പന്‍ ആയിരുന്നു...!!
ഞാനും അനിയനും ഏതു നേരവും തല്ലു കൂടും... അവസാനം അമ്മക്ക് രണ്ടു പേരെയും
ഒറ്റയ്ക്ക് മേക്കാന്‍ പറ്റാതായപ്പോള്‍ എന്നെ മാമന്റോടെ ആക്കി..
മാമന്റെ മോള്‍ സോന എന്‍റെ അതെ വയസ്സാണ്, അപ്പൊ രണ്ടു പേര്‍ക്കും കൂടി
ഒരുമിച്ചു സ്കൂളില്‍ പോകാലോ...

ആര്‍ക്കാ മാമന്റെ വീട് ഇഷ്ടമില്ലാത്തത് ? വീട് വിട്ടു പോകാന്‍ വിഷമം ഉണ്ടായിട്ടും
ഒരുപാട് ഓഫര്‍ കളും, പിന്നെ മാമന്‍മാരോടും  മേമമാരോടും അമ്മാമ്മയോടും
ഒക്കെ ഉള്ള ഇഷ്ടം കൊണ്ടും ഞാന്‍ മനസ്സില്ല മനസ്സോടെ സമ്മതിച്ചു....!!

അമ്മ വാക്ക് പാലിച്ചു...!! പറഞ്ഞപോലെ മാമന്റെ വീട്ടില്‍ പോകുന്ന വഴി
ഞാന്‍ ഒരുപാട് നാളായി വാങ്ങിത്തരാന്‍ വാശി പിടിച്ച് കൊണ്ടിരുന്ന
നാല് ബാറ്ററി ഇട്ടു ഓടുന്ന, എവിടേലും തട്ടിയാല്‍ തന്നെ റിവേര്‍സ് അടിക്കുന്ന,
മുകളില്‍  നീലയും ചോപ്പും ലൈറ്റ് കത്തുന്ന ബസര്‍ സൌണ്ട് ഉള്ള ഒരു വെള്ള  പൊലിസ് കാര്‍...!! 
വെള്ള ചീറ്റിക്കുന്ന ഒരു മഞ്ഞ തോക്ക്...ഐസ് ക്രീം.,പിന്നെ കുറെ ചോക്ലേറ്റ്..  ഇതെല്ലാം വാങ്ങി തന്നു !!

പക്ഷെ അന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല അതിന് വേണ്ടി ഞാന്‍ വിട്ടുകളഞ്ഞത്
എന്‍റെ സന്തോഷത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും  ലോകമാണെന്ന്...!!
ആരായാലും? എന്തായാലും..?  അമ്മയോളം വരില്ലല്ലോ... 

പിന്നീട് ഞാന്‍ ആലോചിച്ചിട്ടുണ്ട്, അന്ന് പോകില്ലെന്ന് പറഞ്ഞ് വാശി പിടിച്ചിരുന്നെങ്കില്‍
ഒരിക്കലും എന്നെ നിര്‍ബന്ധിച്ച്  അയക്കില്ലായിരുന്നു...!!
പക്ഷെ ഞാന്‍ അത് മനസിലാക്കിയപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു
അപ്പോഴേക്കും പിന്നെ അവര്‍ മനസിലാക്കിയിരുന്നു കരഞ്ഞാലും ഞാന്‍ നിന്നോളും...!! 

അങ്ങനെ എനിക്ക് മാമന്റോടെ നിന്ന് പഠിക്കേണ്ടി വന്നു...
ഓണം , ക്രിസ്മസ് , പൂജ, ആന്നുവല്‍ ലീവുകള്‍ ... ഇതായിരുന്നു എന്‍റെ സന്തോഷ ദിനങ്ങള്‍
അതില്‍ ഒരു നിമിഷം പോലും നഷ്ടപ്പെടുത്താന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല..!!
അതാണ്‌ ഭക്ഷണം പോലും വേണ്ടെന്നു വച്ച് ഞാന്‍ കളിക്കാന്‍ കാരണം..!!
ഇങ്ങനെയൊക്കെ കളിച്ച് വീട്ടിലേക്ക് ചെല്ലുമ്പോള്‍ അമ്മ പറയും....
വെയിലത്ത്‌ കാറോടി നടന്നിട്ട് ചെക്കന്റെ കോലം നോക്കിയേ...!! ഒന്നും കഴിക്കണ്ടടാ...
ഇങ്ങനെ രാവും പകലും പട്ടികയും പിടിച്ചു നടന്നോ...!!! ഇപ്പൊ ശരിക്ക് സുനീഷേട്ടന്റവിടുത്തെ
കുട്ടൂന്റെ പോലെ തന്നെ ഉണ്ട്... ഒന്ന് കണ്ണാടി പോയി നോക്കി നോക്ക്...

കുട്ടു ആരാന്നല്ലേ... ??? സുനീഷേട്ടന്റെ വീട്ടിലെ ലേബര്‍ ഡോഗ്  ആണ്  കുട്ടു ..!!
നല്ല കറുത്ത് നല്ല ക്യൂട്ട് നായക്കുട്ടി...!!

ആയിക്കോട്ടെ...!! കുട്ടൂന് എത്ര ആരാധകരാന്ന് അറിയോ അമ്മക്ക്...!!
എത്ര പേര് ചോദിച്ചൂന്ന് അറിയോ... അതിനെ...!! ഹി ഹി ഹി ....

അമ്മക്ക് ചിരി വന്നു... അമ്മ ചിരിച്ചിട്ട് പറഞ്ഞു ...
ചിരിക്കണ്ട .... നിനക്ക് വേണമെങ്കില്‍ മതി..
സ്കൂളില്‍ ചെല്ലുമ്പോള്‍ പെണ്‍കുട്ടികള്‍ കണ്ടാല്‍ അയ്യേ ന്ന് പറയും..!!
കറുമ്പന്‍ എന്ന് പറഞ്ഞു കളിയാക്കും... അപ്പൊ കാണാം...
ആയിക്കോട്ടെ...!! എനിക്ക് ഒരു കുഴപ്പൂലല്യ  ..!!
പിന്നെ..ഇനി ചുള്ളന്‍ ആയിട്ട് പെണ്‍കുട്ടികളെ നോക്കാന്‍ പോകുകയല്ലേ ..!!
ഒരെണ്ണത്തില്‍ നിന്ന് തന്നെ കഷ്ടിച്ച് രക്ഷപ്പെട്ടതാ...
ഇനി എന്തായാലും തല്കാലത്തേക്ക് ഞാന്‍ ആ വഴിക്ക്  ഇല്ലേ ...
അന്ന് അങ്ങനെയാണ് ഞാന്‍ ചിന്തിച്ചത്...
എന്താന്നല്ലേ .. പറയാം ..

മാമന്റെ വീട്ടില്‍ മേമ ടുഷന്‍ എടുക്കുന്നുണ്ട്... വീടിന്റെ തട്ടിന്‍ പുറത്ത്‌..!!
തട്ടിന്‍ പുറത്ത്‌ രണ്ടു റൂം ഉണ്ട്.. ഒരു ഹാള്‍ ഉം ഒരു ചെറിയ മുറിയും...
വായിച്ചു പഠിക്കാന്‍ ഉള്ളവരെ ആ റൂമിലേക്ക്‌ വിടും.. 
പറഞ്ഞ് കൊടുക്കേണ്ടവരെ ഹാളിലും  ഇരുത്തും..

അഞ്ചു മുതല്‍ ഏഴു വരെ ആണ് ടുഷന്‍ , വീട്ടില്‍ വന്നു ചായ കുടിക്കുമ്പോഴേക്കും
ടുഷന്‍ തുടങ്ങും..അത് കാരണം ശനിയും ,ഞായറും  മാത്രമാണ് കളിക്കാന്‍ പറ്റിയിരുന്നത്..!!
കുട്ടികളല്ലേ ദിവസം രണ്ടു മണിക്കൂര്‍ പഠിക്കാന്‍ മാത്രം എന്തുണ്ടായിട്ടാ....
എന്നാലും അത് ഒരു നിയമമായിരുന്നു അവിടെ..!! ശരിക്ക് പട്ടാള ചിട്ട...!!
പതിയെ ,പതിയെ ഞാന്‍ ആ ജീവിത രീതിയുമായി പൊരുത്തപ്പെട്ടു...!! അല്ലാതെ വേറെ വഴിയില്ലായിരുന്നു !!

ചെറുപ്പത്തില്‍ ഞാന്‍ നന്നായി ചിത്രം വരച്ചിരുന്നു... സമ്മാനമൊക്കെ കിട്ടിയിട്ടുണ്ട് അന്ന്..
ചിത്രം വരക്കാന്‍ എനിക്ക് നല്ല ഇഷ്ടം ആയിരുന്നു.... കാര്‍ട്ടൂണും , പിന്നെ ചിത്ര കഥകളിലെ
കഥാപാത്രങ്ങളും ഒക്കെ ഞാന്‍ നോക്കി വരക്കുമായിരുന്നു...!!

( ഗ്രീറ്റിംഗ് കാര്‍ഡിലെ സീനറീസ്,കഥ പുസ്തകത്തിലെ പെന്‍സില്‍ സ്കെച്ചസ്, വയ്ക്കോല്‍ കന്നും അരിവാളും ആയിപോകുന്ന പെണ്ണ്, 
പുള്ളിമാന്‍ , രണ്ട് കുതിര, പശുവും കുട്ടിയും, ആലിലയില്‍ കിടക്കുന്ന  ശ്രീ കൃഷ്ണന്‍ ,ഗണപതി , മഹാത്മാ ഗാന്ധി , 
പുഴയോരത്തെ വീട്,മിക്കി മൌസ് , ഡൊനാള്‍ഡ് ടക്ക് , പപ്പോയ് , മൌഗ്ലി , ടോം ആന്‍ഡ്‌  ജെറി , ചീട്ടിലെ ജോക്കര്‍,
ലുട്ടാപ്പി , മായാവി , ഡിങ്കന്‍ , അപ്പി ഹിപ്പി, ബോബന്‍ ,മോളി, നായ , ചേട്ടത്തി,ചേട്ടന്‍ , മൊട്ട ,ഉണ്ണിക്കുട്ടന്‍  etc ) 

ഒരു ഇരുനൂറു പേജിന്റെ വരയില്ലാത്ത രചന ബൂക്കിലായിരുന്നു ഞാന്‍ ചിത്രമൊക്കെ വരച്ചിരുന്നത്
ഈ രചന ബുക്ക്‌ എന്താണെന്ന് ചോദിച്ചാല്‍ എനിക്കും അറിയില്ല..!!

അന്ന് അങ്ങനെയാണ് പറഞ്ഞിരുന്നത്
അതിന്റെ ഫസ്റ്റ് പേജില്‍ മാത്രം കുറെ കോളങ്ങള്‍ ഉണ്ടാകും.. മുകള്‍ ഭാഗത്ത്‌ പേരും ക്ലാസും വിഷയവും
എഴുതാന്‍ പ്രത്യേകം സ്ഥലവും..!!
വിഷയത്തിന്റെ കോളത്തില്‍  " ചിത്രം വര ബുക്ക്‌ " എന്ന് ഭംഗിയായി എഴുതിയിരുന്നു !!
ആ ബുക്ക്‌  ബ്രൌണ്‍ പേപ്പര്‍ ഒക്കെ ഇട്ടു പൊതിഞ്ഞ്‌ നിധി പോലെയാണ് ഞാന്‍ സൂക്ഷിച്ചിരുന്നത് !!
ടുഷന്‍ ക്ലാസ്സിലെ ആര്‍ട്ടിസ്റ്റ് ആയിരുന്നു ഞാന്‍..!!
അത് കാരണം എനിക്ക് അന്ന് കുറെ ആരാധകര്‍ ഉണ്ടായിരുന്നു... ടുഷന്‍ ക്ലാസ്സിലെ
ചേച്ചിമാരും ചേട്ടന്മാരും.. ഒപ്പം പഠിക്കുന്ന പെണ്‍കുട്ടികളും , കൂട്ടുകാരന്മാരും...

എല്ലാവരും പുതിയ ആരെയെങ്കിലും എന്നെ പരിചയപ്പെടുത്തുമ്പോള്‍ പറയും..
ഇവന്‍ ഭയങ്കര ചിത്രകാരനാ ട്ടാ.. അവന്റെ ചിത്രം വര ബുക്ക്‌ കണ്ടിട്ടില്ലല്ലോ..
ഒന്ന് കാണണം...!!

അതിനും മാത്രം സംഭവം ഒന്നും ഉണ്ടായിട്ടല്ല..
എന്നാലും കാര്‍ടൂണ്‍   ആയാലും ഒരു  കുഞ്ഞു പയ്യന്‍ ഇത്രയധികം ചിത്രങ്ങള്‍ വരച്ചു 
അത് അത്ര കാര്യമായി സൂക്ഷിക്കുന്നതിലുള്ള കൌതുകം
അതായിരുന്നിരിക്കും കാരണം...

 എന്നാലും എല്ലാവരും പറയും
ഇവന് ശരിക്കും കഴിവുണ്ട് ട്ടാ.... അടിപൊളിയായിട്ട്  ഉണ്ട് ട്ടാ മോനെ എന്നെല്ലാം
അതൊക്കെ കേള്‍ക്കുമ്പോള്‍ എന്ത് സന്തോഷമാനെന്നറിയോ?

കൂട്ടുകാരൊക്കെ  അവരുടെ വീട്ടില്‍ കാണിച്ചു കൊടുക്കാന്‍ വേണ്ടി ബുക്ക്‌ കൊണ്ട് പോകാന്‍ തരുമോ
എന്ന് ചോദിക്കാറുണ്ട് ... പക്ഷെ ഞാന്‍ കൊടുത്തിട്ടില്ല ..!! എന്തെങ്കിലും സൂത്രം പറഞ്ഞ് ഒഴിയും ....

ആകെ കൊടുത്തിട്ടുള്ളത് രണ്ടു പേര്‍ക്കാണ്  അതിലൊരാളാണ് വിനീഷേട്ടന്‍..
നമ്മുടെ കുഞ്ഞികണ്ണന്  അനൂപേട്ടന്‍ എങ്ങനെ ആണോ അത് പോലെയായിരുന്നു എനിക്ക് വിനീഷേട്ടന്‍ !!
എന്തെങ്കിലും വരച്ചിട്ട്, " നന്നായിട്ടുണ്ട്" എന്ന് അവന്‍ പറഞ്ഞാല്‍ എനിക്ക് ഒരുപാട് സന്തോഷം  തോന്നിയിരുന്നു..!!

ഒരിക്കല്‍ മംഗളത്തില്‍ വന്ന മോഹന്‍ലാലിന്റെ ഒരു  കാര്‍ട്ടൂണ്‍ ചിത്രം ( കാരിക്കേച്ചര്‍ ) വരച്ചപ്പോള്‍ അവന്‌
അത് ഒരുപാട് ഇഷ്ടപ്പെട്ടു.... എല്ലാവരും നന്നായിട്ടുണ്ട് എന്ന് പറഞ്ഞു.....  എങ്കിലും... 

വിനീഷേട്ടന്‍ അത് കണ്ടിട്ട് .. "അനൂപേ തകര്‍ത്തൂട്ടാ... കിടിലന്‍.....!!!!!
"ഞാന്‍ അമ്മേനേം അനിയത്തിയെയും ഒക്കെ കാണിച്ചിട്ട് കൊണ്ടുത്തരാം" എന്ന് പറഞ്ഞപ്പോള്‍
എന്തോ ഒരു അംഗീകാരം കിട്ടിയ പോലെ തോന്നി എനിക്ക്...!!  

അവന്റെ ശിഷ്യന്‍ ആയി നടക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു...
വിനീഷേട്ടനോട് എനിക്ക് വലിയ ആരാധന ആയിരുന്നു... കാരണം പെണ്‍കുട്ടികളെ
കയ്യിലെടുക്കാന്‍ ഭയങ്കര മിടുക്കനാണ് അവന്‍...
ടുഷന്‍ ക്ലാസ്സിലുള്ള സുന്ദരി ചേച്ചിമാരെല്ലാമായി അവന്‍ കമ്പനി അടിക്കുമ്പോള്‍
എനിക്ക് ഒരുപാട് ആരാധന തോന്നിയിട്ടുണ്ട് അവനോട്....!!
എനിക്കും ആഗ്രഹമുണ്ടായിരുന്നു.. പക്ഷെ കൂട്ടുകാര്‍ കളിയാക്കും..!!
അന്ന് പെണ്‍കുട്ടികള്‍ ആയി കമ്പനി അടിക്കുന്നത് നാണക്കേടായിട്ടാണ് അവന്മാര്‍ കണ്ടിരുന്നത്‌
മാമന്റെ മോളുള്ളത് കാരണം പെണ്‍കുട്ടികളെല്ലാം പരിചയക്കാരായിരുന്നു..!!
പക്ഷെ വളരെ ഫോര്‍മല്‍ ആയിരുന്നു പെരുമാറ്റം..!! 

എല്ലാ തരികിടകളും കയ്യില്‍ ഉള്ള ഒരു ആളായിരുന്നു ഈ വിനീഷേട്ടന്‍...!!
അന്ന് കറന്റ് കിട്ടിയിട്ടില്ല അപ്പൊ സന്ധ്യയായാല്‍ മണ്ണെണ്ണ വിളക്ക് കത്തിക്കും
കുറെ തവണ ആ റൂമില്‍ ഇരുന്ന് കടലാസ്സു ചുരുട്ടി ബീഡിയുണ്ടാക്കി കത്തിച്ചു വലിച്ചിട്ടുണ്ട്  അവന്‍  !!
അന്ന് അതെല്ലാം വലിയ ഷൈനിംഗ് ആണ്..!! മേമ എങ്ങാനും അറിഞ്ഞാല്‍ എന്തോരം 
അടി കിട്ടും എന്നറിയോ ? 

അവന്‍ ധൈര്യം തന്ന്  ഒരു പ്‌ഫ്ഫ് എടുത്തിട്ടുണ്ട് ഒരിക്കല്‍....!!
കുറെ ചുമചെങ്കിലും അവന്റെ ചിലവില്‍ ഒരു ഫ്രീ  ഷൈനിംഗ്....!!

പിന്നെ  ആ റൂമില്‍ കുറെ വലിയ ഭരണി ഉണ്ട്... ഭരണിയില്‍ നിറയെ മാങ്ങ ഉപ്പിട്ട് ഉണക്കിയതും
പുളി കുരുകളഞ്ഞ് ഉപ്പിട്ടതുമാണ്...!! അവന്‍ പഠിക്കുന്ന പോലെ ഉറക്കെ പുസ്തകം വായിച്ച്
ശബ്ദം ഉണ്ടാക്കാതെ മെല്ലെ ഭരണി തുറന്ന് ഉണക്ക മാങ്ങയും, പുളിയും ഒക്കെ എടുക്കും...!!

ആ വീട്ടിലുള്ള എനിക്ക് പോലും അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല..!!
എന്നിട്ട് ഇത്തിര്യേശ്ശെ  ( വളരെ കുറച്ച് ).. ആ റൂമില്‍ ഉള്ളവര്‍ക്കെല്ലാം എത്തിക്കും !!
ഇത്തിരിയെ ഉള്ളൂ എങ്കിലും അതിന്റെ ആ ടേസ്റ്റ്...!!! ഹോ ...
ഓര്‍ക്കുമ്പോള്‍ വായില്‍ വെള്ളം തെളിഞ്ഞു ഒരു കണ്ണ് ചിമ്മി പോകുന്നു !!

അവന്റെ മെയിന്‍ ശിഷ്യനായിരുന്നു ഞാന്‍.. എന്നെ വല്യ കാര്യമായിരുന്നു..
മിക്ക "ഭയങ്കരമായ രഹസ്യങ്ങളും" അവന്‍ എന്നോട് പറയുമായിരുന്നു...

അങ്ങനെ ഒരു രഹസ്യമാണ് അവനും നീതു ചേച്ചിയും ഇഷ്ടത്തിലാണ് എന്ന
ആരോടും പറയാത്ത രഹസ്യം എന്നോട് പറഞ്ഞത്...!!! 

ഞാന്‍ ശ്രദ്ധിച്ചപ്പോള്‍ കാര്യം ശരിയാണെന്നും എനിക്ക് തോന്നി..!!
ഒരു ദിവസം അങ്ങനെ അവന്‍ അവന്റെ പ്രണയത്തെ കുറിച്ച് ഇങ്ങനെ വര്‍ണിക്കുകയാണ്.
അവളെ നോക്കിയിരിക്കാന്‍ എന്ത് രസമാണെന്നു അറിയോ
അവളുടെ കൈയ്യ് മേല് കൊള്ളുമ്പോള്‍ എന്ത് രസമാണെന്നറിയോ
അങ്ങനെ ഒരുപാട് കാര്യങ്ങള്‍.... ലോകത്ത് ഏറ്റവും സന്തോഷം തരുന്ന കാര്യമാണ് സ്നേഹം..
ശരിക്കും അനുഭവിക്കന്നെ വേണം ... എന്നെല്ലാം

എന്നിട്ട് അവന്‍ പറഞ്ഞു ഹ്മ്മം ... നീയും ആള് മോശമല്ല...!!
ഞാന്‍ കാണാറുണ്ട്‌ നീ ആ ചിഞ്ചൂനെ നോക്കി ഇരിക്കുന്നത്..!!
നിനക്ക് ഇഷ്ടമാണെങ്കില്‍ പറയടാ നമുക്ക് പറയാം അവളോട്‌ .....
എയ്യ്... അയ്യയ്യേ ... ഇല്ലില്ല..!! ഞാനൊന്നും ഇല്ല .. അയ്യേ.. !!

 "ചിഞ്ചൂനെ മാത്രല്ല അവിടെ ഉള്ള സുന്ദരിക്കുട്ടികളെ
എല്ലാരേം ഞാന്‍ നോക്കാറുണ്ട്.. എനിക്ക് ഇഷ്ടവുമായിരുന്നു ...
പക്ഷേ ചിഞ്ചൂ നോട് പ്രത്യേക ഇഷ്ടം ഉണ്ട് ...  കാരണം അവള്‍ കുറെ
സുന്ദരിയാണ്...

നല്ല ഉള്ളുള്ള ചെമ്പന്‍ നിറമുള്ള  ചുരുളന്‍ തലമുടിയെല്ലാം തോള് വരെ വച്ച് വെട്ടി 
നല്ല വെള്ളാരം കണ്ണുള്ള  വെളുത്ത് പാവക്കുട്ടി പോലത്തെ ഒരു ഉണ്ടുമണി...!!
ആര്‍ക്കാ ഇഷ്ടാകാതിരിക്കാ അവളെ... ജെംസ് മിട്ടായിയുടെ മണമായിരുന്നു അവള്‍ക്ക്‌..!!
പക്ഷെ അതങ്ങനെ സമ്മതിക്കാന്‍ പറ്റുമോ....??




പിന്നെ ഞങ്ങളെ ഒരുമിച്ചു കാണുമ്പോഴെല്ലാം.. കണ്ണുകൊണ്ട് വിനീഷേട്ടന്‍ ചോദിക്കും
പറയട്ടെ അവളോട്‌ ഞാന്‍ ...?? ഞാന്‍ പേടിച്ച്... ചതിക്കല്ലേ  എന്ന് തലയാട്ടും...!!

എന്‍റെ ആ പേടി അവന്‌ രസമായി തോന്നി എന്ന് തോന്നുന്നു...!!

ഞാന്‍ എല്‍ പി സ്കൂള്‍ ല്‍ ആണ് പഠിക്കുന്നത്... അവന്‍ തൊട്ടപ്പുറത്ത് ഹൈസ്കൂള്‍ ലും
അന്ന് അവന്‍ പതിവില്ലാതെ എന്നെ ക്ലാസ്സ്‌ വരെ കൊണ്ടാക്കി തന്നു...!!
കുട്ടികളെല്ലാം വന്നു തുടങ്ങുന്നേ ഉള്ളൂ...!!
ചിഞ്ചു നാല് -ബി യില്‍ ആണ്
ഞാന്‍ നാല് -എ യിലും... അവന്‍ നാല് എ യില്‍ നിന്ന് ക്ലാസ്സ്‌ പാര്‍ട്ടീഷന്‍  ചെയ്തിരിക്കുന്ന
തട്ടിക യുടെ അടിയില്‍ കൂടി നൂണ്ട്‌ നാല് ബി യിലേക്ക് കയറി...
അവന്‍ വരുന്നത് കണ്ട് ചിഞ്ചു ഉറക്കെ  "ഹായ്.. വിനീഷേട്ടന്‍ എങ്ങനെയാ ഞങ്ങളുടെ ക്ലാസ്സില്‍ വന്നത് ??"
എന്ന് ചോദിക്കുന്നത് കേട്ടു... പിന്നെ ശബ്ദമൊന്നും കേട്ടില്ല...
അപ്പൊ എന്തോ സ്വകാര്യമാണ് പറയുന്നത്... പേടിച്ച് എന്‍റെ നെഞ്ചിടിച്ചു..!!

കുറച്ച് കഴിഞ്ഞപ്പോള്‍ അവന്‍ പുറത്തേക്കു വന്നു...!!
ഇറങ്ങിയതും .....
തലയാട്ടി എന്നെ പേടിപ്പിച്ചു !! "പറഞ്ഞു" എന്ന മട്ടില്‍ ....
എനിക്ക് കരച്ചില്‍ വന്നു..!! അവന്‍ ഓടി വന്നു കെട്ടിപ്പിടിച്ചു..
താടി പിടിച്ച് പൊക്കി മുഖത്തേക്ക് നോക്കി പറഞ്ഞു ...
അയ്യേ കരയല്ലേ..!! നീ ഇത്ര പേടിതൊണ്ടനാ...!!

ഞാന്‍ കണ്ണ് തുടച്ചു തേങ്ങിയിട്ട് പറഞ്ഞു...!!
വിനീഷേട്ടന് അങ്ങനെ പറയാം... ഞാന്‍ പറഞ്ഞതല്ലെ
വേണ്ടാന്ന് ...?? ഇതെങ്ങാനും ആ സോനയോ
വീട്ടില്‍ ആരെങ്കിലോ അറിഞ്ഞാല്‍ വല്യമാമനും അമ്മാമ്മയും കൂടി എന്നെ കൊല്ലും... ..!!

നീ പേടിക്കണ്ട അവള്‍ ആരോടും പറയില്ല..!! ആരോടും പറയരുത്
എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്...!! അതും പറഞ്ഞ്‌ പുറത്തു രണ്ടു തട്ടും തട്ടി
വൈകുന്നേരം കാണാം എന്ന് പറഞ്ഞ്‌ അവന്‍ ഓടിപ്പോയി..!!

ഞാന്‍ ക്ലാസ്സില്‍ ഇരുന്ന് പേടിച്ച് വിയര്‍ത്ത് ഇല്ലാതായി....
ടീച്ചര്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ഒന്നും തലയില്‍
കയറുന്നുണ്ടായിരുന്നില്ല.. ചിന്തയില്‍ മുഴുവന്‍ വിനീഷേട്ടനും ചിഞ്ചുവും...

ഇന്റെര്‍വെല്‍ ന് ആദ്യം ഇറങ്ങി ഓടി... അവസാനമാണ് കയറിയത്...
ചിഞ്ചുവിനെ കാണാതിരിക്കാന്‍ വേണ്ടിയാണ്...!!

ഉച്ചക്ക് ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ സോന വന്നു പറഞ്ഞു..!!
നിന്നെ ചിഞ്ചു വിളിക്കുന്നുണ്ട്..!! വിനീഷേട്ടന്‍ നിന്നോട് എന്തോ പറയാന്‍
പറഞ്ഞിട്ടുണ്ടെന്നാ പറഞ്ഞത്... വരുമ്പോ അവളുടെന്ന് എന്‍റെ ആ റബ്ബറും വാങ്ങിക്കോ..

എന്‍റെ നെഞ്ചില്‍ ഒരു മിന്നല്‍...... 
എന്‍റെ മുഖത്ത് വന്ന പേടി അവള്‍ ശ്രദ്ധിക്കല്ലേ... എന്ന് ഞാന്‍ പ്രാര്‍ഥിച്ചു..!!
   
ഭാഗ്യത്തിന് ഊണ് കഴിഞ്ഞപ്പോ തന്നെ  പിള്ളേര് വന്ന് കള്ളനും പൊലിസ് ഉം കളിക്കാന്‍ വിളിച്ചു..!!
ഞാന്‍ കളിക്കാന്‍ പോയി... കുറെ ഓടിക്കളിച്ചപ്പോള്‍ ടെന്‍ഷന്‍  ഒക്കെ മറന്നു

ബഞ്ചിന്റെ മുകളിലൂടെയും, ക്ലാസ്സ്‌ റൂമിന്റെ ഉള്ളിലൂടെയും ഒക്കെ ഓടി പിടി കൊടുക്കാതെ
ഓടുകയായിരുന്നു... ഓടി ഓടി എന്‍റെ ക്ലാസ്സില്‍ പെട്ടു...
നോക്കുമ്പോള്‍ വാതില്‍ക്കല്‍ രണ്ടു പൊലിസ് 

രക്ഷപ്പെടാനുള്ള ആ തിരക്കിനിടയില്‍ ഞാന്‍  ഒന്നും ആലോചിക്കാതെ സ്ഥിരം പോകുന്ന പോലെ തട്ടികയുടെ
അടിയില്‍ ക്കൂടി നാല് ബി യിലേക്ക് ...
അടിയില്‍ നിന്ന് പൊങ്ങി നേരെ നിന്നപ്പോള്‍ എനിക്ക് ചതി പറ്റി  എന്ന് മനസ്സിലായി...

കഷ്ടകാലത്തിന്  കറക്റ്റ് ചിഞ്ചൂന്റെ പിന്നിലെ ബഞ്ച് ന്റവിടെ... അവള്‍ തിരിഞ്ഞു നോക്കി
എന്നെ കണ്ടു.. ഒന്നും നോക്കാനില്ല  വേഗം രക്ഷപ്പെടാം..
ഞാന്‍ ബഞ്ച് ചാടി ഓടുമ്പോള്‍.. ചിഞ്ചു പുറകീന്ന് വിളിച്ചു...
അനൂപേ... നിന്നോ... ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞു കൊടുക്കും....!!!!!!!!!!!!!!!!!!!!

ഞാന്‍ ബ്രേക്ക്‌ ഇട്ട പോലെ നിന്നു... പിടിക്കാന്‍ വരുന്ന പൊലിസ് കാരോട്
കൈചുരുട്ടി തള്ളവിരല്‍ മുകളിലേക്ക് ആക്കി കാണിച്ച് പറഞ്ഞു .... " സുല്പ്യം " (കുറച്ചു നേരത്തേക്ക് കളിക്കാനില്ല )
അവര്‍ പറഞ്ഞു ഇത് പറ്റില്ല ഞങ്ങള്‍ പിടിക്കാറായപ്പോള്‍  സുല്പ്യം പറയാലെ ....??
അപ്പോഴേക്കും മറുപടി വന്നു.............. 

ചിഞ്ചു പറഞ്ഞു ........   ..................."ഞാന്‍ വിളിച്ചിട്ടാ.. നിങ്ങള്‍ കളിച്ചോ അവന്‍ ഇപ്പൊ വരും..!!"..........

അവന്മാര് ദേഷ്യത്തില്‍ എന്നെ ഒരു നോട്ടം നോക്കി അടുത്ത കള്ളന്മാരെ പിടിക്കാന്‍ ഓടി ..!!

ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിഞ്ചൂന്റെ  അടുത്ത് ചെന്നു...!!
അവള്‍ രണ്ടു കൈയും കെട്ടി രൂക്ഷമായ ഒരു കള്ളചിരിയുമായി എന്നെ  നോക്കുന്നത്
ഞാന്‍ ഇടക്കണ്ണ് ഇട്ട് കണ്ടു...!! 

ആ ചിരി കണ്ടപ്പോള്‍ എനിക്കൊരു ആശ്വാസം..... എന്തെങ്കിലും വരട്ടെ എന്ന് വിചാരിച്ച്
ഓടിക്കളിച്ചു വിയര്‍ത്ത് വെള്ളമൊലിക്കുന്ന മുടി കൈ കൊണ്ട് മുകളിലേക്കാക്കി
ഞാന്‍ ചിഞ്ചൂന്റെ മുഖത്ത് നോക്കി ഒന്നുമറിയാത്ത പോലെ ചോദിച്ചു...

എന്തിനാ വിളിച്ചത് ?????

അപ്പൊ അവള്‍ എന്നെ നോക്കി ഒരു  ചിരി  ചിരിച്ചിട്ടുണ്ട് !! ഹോ.....!!!!!

"നിനക്കൊന്നും അറിയില്ല അല്ലേടാ... എന്നാലും നീ ഇത്ര ഭയങ്കരനാണെന്ന് ഞാന്‍ കരുതിയില്ല!!
നീ ആള് കൊള്ളാം ട്ടാ ...." 

അതായിരുന്നു ആ ചിരിയുടെ അര്‍ഥം....

അങ്ങനെ ചിരിച്ച് കൈ കെട്ടി നിന്ന നില്പില്‍ നിന്ന് മാറാതെ എന്‍റെ കണ്ണില്‍ തന്നെ നോക്കി
പറഞ്ഞു....

എന്റടുത്ത് വിനീഷേട്ടന്‍ ഒരു കാര്യം പറഞ്ഞു അത് സത്യമാണോ എന്നറിയാനാ...!!
അവള്‍ ചിരിച്ച് വീണ്ടും ചോദിച്ചു..........  സത്യാ ..??? ഊം ...???

അവളുടെ ചിരി കണ്ടു എനിക്കും ചെറിയ ചിരി വന്നു...!!
അവളുടെ ആ ചിരി ഒരു ആത്മവിശ്വാസം തന്നിരുന്നു... അത് പോലൊരു കള്ളച്ചിരി
ചുണ്ടില്‍ ഫിറ്റ്‌ ചെയ്ത്‌ ഞാന്‍ തലകുലുക്കി മൂളി ... ഹ്മം... സത്യാ....!!

അവളുടെ  ചിരിക്കു ഇത്തിരി കൂടി വെളിച്ചം കൂടി.. എനിക്ക് മനസിലായി അവള്‍ക്കും 
എന്നെ ഇഷ്ടമാണെന്ന്...
എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടണം എന്ന് തോന്നി...!!

അത് പുറമേ കാണിക്കാതെ ഞാന്‍ ചോദിച്ചു.......ഇനി  ഞാന്‍ കളിക്കാന്‍ പോട്ടെ ...???
അവള്‍ ചിരിച്ചു നാണം കൊണ്ട് തലതാഴ്ത്തി മൂളി....... ഉം .....
ഇത്ര നേരം ഇല്ലാതിരുന്ന നാണം ഇതിപ്പോ പെട്ടെന്ന് എവിടുന്നു വന്നു ??
ആ... എന്തായാലും... എന്‍റെ കാര്യം തീരുമാനമായി.... ഹി ഹി ഹി ...

സന്തോഷം എങ്ങനെ കാണിക്കണം എന്നറിയാതെ എനിക്ക് നിക്കാന്‍ പറ്റുന്നില്ല... 
കള്ളന്മാരെ  ഓടിക്കുകയായിരുന്ന പോലീസ്കാരുടെ  ഇടയിലൂടെ ഓടി  വരാന്തയില്‍ കിടന്നിരുന്ന
ബഞ്ചില്‍ ചവുട്ടി, മേശയില്‍ ചവുട്ടി  ചാടി കഴുക്കോലില്‍ പിടിച്ചു തൂങ്ങി മുറ്റത്തേക്ക് ചാടി ..

അവരെ കൈ കൊട്ടി വിളിച്ച് ,കൈ വീശിക്കാണിച്ചു ഉറക്കെ വിളിച്ചു പറഞ്ഞു ....

 "സുല്പ്യം വീടി "....( കളിയില്‍ തിരിച്ച്‌ ജോയിന്‍ ചെയ്തു)

അന്ന് വൈകുന്നേരം ടുഷന് പോകാന്‍ എന്ത് സന്തോഷമായിരുന്നെന്നോ...??
ഇടയ്ക്കിടെ ഞാന്‍ ഇടക്കണ്ണിട്ട്‌ അവളെ നോക്കും... അവള്‍ നിഷ്കളങ്കമായി ചിരിക്കും..
ആ ചിരി കാണുമ്പോള്‍ എനിക്ക് വന്നിരുന്ന ഒരു സന്തോഷം, അനുഭൂതി
വിനീഷേട്ടന്‍ പറഞ്ഞതെല്ലാം പകല്‍ പോലെ സത്യമായിരുന്നെന്ന് എനിക്ക് മനസിലായി..

അടുത്ത ദിവസം സ്കൂള്‍ ല്‍ പോകുമ്പോള്‍ എത്ര മുടി ചീകിയിട്ടും ചന്തം വരുന്നില്ല
വലത്തേ സൈടിലേക്കു  ചീകി നോക്കി , ഇടത്തെ  സൈടിലേക്കു  ചീകി നോക്കി , മുകളിലേക്ക്
ചീകി നോക്കി.. എന്തൊക്കെ ചെയ്തിട്ടും രസം തോന്നുന്നില്ല ...!!!

അന്നെനിക്ക് എന്‍റെ നിറത്തെ ഓര്‍ത്ത് കുറച്ച്‌ വിഷമം തോന്നി...!! ഒരു പൊടി കൂടി വെളുപ്പുണ്ടായിരുന്നെങ്കില്‍ !!
കാരണം അവളാണെങ്കില്‍ വെളുത്ത് വെണ്ണക്കട്ടി പോലെയാണ് ഇരിക്കുന്നത്...!!

രാവിലെ അമ്മമ്മ തൊട്ടു തന്ന ചന്ദന കുറിക്ക്‌ ചെറിയൊരു ചെരിവുണ്ടെന്ന് എനിക്ക് തോന്നി..
നനഞ്ഞ തോര്‍ത്തെടുത്ത് ഞാന്‍ അത് തുടച്ചു കളഞ്ഞു..!! എന്നിട്ട് കറക്റ്റ് ആയി രണ്ടു പുരികത്തിനുമിടയില്‍
വരച്ചു വച്ച പോലെ കുറി തൊട്ടു.................. കൊള്ളാം അടിപൊളി...!!

മുടി ഇനി എന്ത് ചെയ്യും...?????  ഐഡിയ !!!!! ഞാന്‍ ബക്കറ്റ്  ല്‍  നിന്ന് വെള്ളമെടുത്ത് മുടി നനച്ച്‌
തല അങ്ങോട്ടും ഇങ്ങോട്ടും രണ്ടു ആട്ട് ആട്ടി.. എന്നിട്ടൊന്ന് നോക്കി...!! ഹോ.. കൂള്‍ ....
ശരിക്ക് മോഹന്‍ലാലിന്റെ പോലെ തന്നെ...
ബാഗ്‌ ഉം എടുത്ത് തോളത്തിട്ട് വിനീഷേട്ടന്റെ അടുത്തേക്ക് ഓടി....!!

ഞാന്‍ സ്കൂളില്‍ ചെന്ന് അവളെ കാണിക്കാന്‍ വേണ്ടി രാവിലെ തന്നെ കള്ളനും പൊലിസ് ഉം
തുടങ്ങി... ഓടി നാല് ബി യില്‍ കയറി... എന്തായാലും എന്‍റെ പുതിയ ഹെയര്‍ സ്റ്റൈല്‍ അവള്‍ക്ക് ഇഷ്ടപ്പെട്ടു
അവള്‍ എന്നെ നോക്കി തലയാട്ടി ചിരിച്ചു..!!
ഞാന്‍ ഷര്‍ട്ട് ന്റെ കോള്ളര്‍ പിടിച്ച് നീര്‍ത്തി മുകളിലേക്കാക്കി വച്ചു.. 

പൊലിസ് കാരെ നോക്കുന്നത് പോലെ അഭിനയിച്ച് തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടി
ഒന്നിനുമല്ല ആ മുടി ഇളകുന്നത് അവളെ കാട്ടാനാണ്...
എനിക്ക് സന്തോഷമായി... ഞാന്‍ ഇറങ്ങി ഓടി കളി തുടര്‍ന്നു...!!
ഒരിക്കല്‍ ആരോ ഗള്‍ഫില്‍ നിന്ന് വന്ന്  കുറച്ച്‌ ചോക്ലേറ്റ് കൊണ്ട് വന്നു ടുഷന്‍ ക്ലാസ്സില്‍ ..
എല്ലാരും പങ്കു വച്ച് കഴിക്കുമ്പോള്‍... ഒരെണ്ണം എനിക്കും അവള്‍ക്കും കൂടി തന്നു...

അവള്‍ അത് വാങ്ങി കവറോട് കൂടി കടിച്ച് ചെറിയൊരു കഷണം എടുത്ത് ബാക്കി കവറും കൂടി എന്‍റെ വായില്‍ കുത്തി കയറ്റി !!
ഞങ്ങളുടെ ഇഷ്ടം ആരും അറിയാതിരിക്കാന്‍ വേണ്ടി മനപ്പൂര്‍വം ആണ് തമാശ കളിക്കുന്നത് പോലെ മിട്ടായി വായില്‍ വച്ച് തന്നത്..!!
എന്നിട്ട് ആരും കാണാതെ സൂത്രത്തില്‍ എന്നെ നോക്കി ഒരു കള്ളച്ചിരി....

അത്രയും സന്തോഷത്തോടു കൂടി വേറെ എന്തെങ്കിലും ഞാന്‍ കഴിച്ചിട്ടുണ്ടെന്നു എനിക്ക് തോന്നുന്നില്ല !!

അതിന്റെ കവര്‍ ഞാന്‍ എന്‍റെ ചിത്രം വര ബുക്കിന്റെ പേജിന്  ഇടയില്‍
മയില്‍ പീലി സൂക്ഷിച്ചു വക്കുന്നത് പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട് ഒരുപാട്..

ഒരു ദിവസം മേമേടെ ഒപ്പം  നിറമാലക്ക് പോയപ്പോള്‍  അവളുടെ മുടിയില്‍ നിന്ന് വീണ ആ ചെമ്പക പൂവ്..
ആരും കാണാതെ അത് എടുത്ത് ട്രൌസര്‍ ന്റെ പോക്കറ്റിലിട്ടു... പിന്നെ വീട്ടില്‍ പോയി ആരും കാണാതെ
 പെന്‍സില്‍ ബോക്സ്‌ ന്റെ അടിയില്‍ ഒളിപ്പിച്ച്  നിധി പോലെ കൊണ്ട് നടന്നിട്ടുണ്ട് കുറെ കാലം..!

 ഒരിക്കല്‍ എന്‍റെ ആ ചിത്രം വര ബുക്ക്‌ വീട്ടില്‍ കൊണ്ടുപോകാന്‍ അവള്‍ ചോദിച്ചപ്പോള്‍
ഞാന്‍ നുണ പറഞ്ഞു..  എടുത്തിട്ടില്ല..... അത് താഴെ വച്ചു..............എന്ന്...!! 
പിന്നെ അവള്‍ പോകാന്‍ തുടങ്ങുമ്പോള്‍
സൂത്രത്തില്‍ ആ മിട്ടായി കടലാസ്സ്‌ എടുത്ത് മാറ്റി... അലമാരയില്‍ നിന്ന് സ്പ്രേ എടുത്ത് ബുക്കിനുള്ളില്‍
അടിച്ച്.. അവളുടെ പിന്നാലെ പടി വരെ  ഓടി ചെന്ന്  കൊണ്ട് കൊടുക്കുകയായിരുന്നു...!!

പിന്നെ എന്ന് പുതിയ പടം വരച്ചാലും ആരെക്കാളും  മുന്നേ ഞാന്‍ അവളെ കാണിക്കുമായിരുന്നു
അവള്‍ പെന്‍സില്‍ കൊണ്ട് "വെരി ഗുഡ്" ഒക്കെ എഴുതി തരുമായിരുന്നു...
ആ "വെരി ഗുഡ്"  വേറെ എന്തെങ്കിലും ചിത്രമാക്കാന്‍ ഞാന്‍ പെട്ടിരുന്ന പാട് ...
അല്ലെങ്കില്‍ ആരേലും ചോദിച്ചാല്‍ എന്ത് പറയും...?? ഇത് ഇപ്പൊ എനിക്കും അറിയാം അവള്‍ക്കും അറിയാം
രണ്ടു പേര്‍ക്കും സന്തോഷം... ആ കള്ളച്ചിരി...

കൊല്ല പരീക്ഷ കഴിഞ്ഞ പിറ്റേ ദിവസം ടുഷന്‍ ക്ലാസ്സില്‍ പാര്‍ട്ടി ഉണ്ട് .... ആ പാര്‍ട്ടിയെയും കുറിച്ച്
പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മധുരമുള്ള സാധനങ്ങളെ കുറിച്ച് പറയുകയായിരുന്നു...
ലഡ്ഡു , ജിലേബി, പേട, ഗുലാബ് ജാം .. അങ്ങനെ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ വിനീഷേട്ടന്‍ ചോദിച്ചു
അനൂപേ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ മധുരമുള്ള സാധനം എന്താന്ന് അറിയോ ...!!
ഇല്ല... വിനീഷേട്ടന് അറിയോ ...??/

ഹ്മ്മം... എന്താന്നറിയോ....!!  പെണ്‍കുട്ടികളുടെ ചുണ്ട്....!!
അയ്യേ... എനിക്കൊന്നും കേള്‍ക്കണ്ട... !!

സത്യം ടാ... അനൂപേ... ഞാന്‍ നിന്നോട് നുണ പറയോ...???
ഞാന്‍ ഒരു പുസ്തകത്തില്‍ നിന്ന് വായിച്ചതാ.. ആദ്യം ഞാനും വിശ്വസിച്ചില്ല...

ഞാന്‍ ഒരു കാര്യം പറയാം നീ ആരോടും പറയരുത്.. പറയോ ...??

ഉം... ഉം ... ഇല്ലെന്നു ഞാന്‍ തലയാട്ടി

അവന്‍ എന്‍റെ തല പിടിച്ച് അടുപ്പിച്ച് മെല്ലെ ചെവിയില്‍  പറഞ്ഞു...

നീതു ചേച്ചി ഇല്ലേ .... ഒരു ദിവസം നമ്മുടെ നീതു ചേച്ചി എനിക്ക് ഒരു ഉമ്മ തന്നു...
ചുണ്ടില്‍..!!

പക്ഷെ അപ്പൊ ഞാന്‍ ശ്രദ്ധിച്ചില്ല.. 

അവള്‍ പോയി കുറച്ച്‌ കഴിഞ്ഞ് ചുണ്ട് വരണ്ടപ്പോ
നാവു കൊണ്ട് ചുണ്ട്  ഒന്ന് നനച്ചു.....!!

മോനെ ................................!!!!!  എന്ത്................ മധുരാന്ന്  അറിയോ.......!!
ഗുലാബ് ജാം ഒന്നും............... ഒന്നുമല്ല.....!! സത്യം......!!

അവന്‍ ഈ പറയുന്നത് കല്ല്‌ വച്ച നുണയാണെന്ന് മനസിലാക്കാന്‍ ഉള്ള ബുദ്ധി അന്ന്
എനിക്ക് ഉണ്ടായിരുന്നില്ല....!!  ഞാന്‍ അത് വിശ്വസിച്ചു...!!

അതിന് അന്ന് അവന്‍ സയന്റിഫിക് വിശദീകരണം വരെ തന്നിരുന്നു..!!
പിന്നെ എങ്ങനെ വിശ്വസിക്കാതിരിക്കും?

അവന്‍ പറഞ്ഞു.....പെണ്‍കുട്ടികള്‍ സ്നേഹത്തോട് കൂടി ഉമ്മ വയ്ക്കാന്‍ നിക്കുമ്പോള്‍...
അവരുടെ ചുണ്ടില്‍ ഒരു നനവ്‌ കണ്ടിട്ടില്ലേ ??? 
നീ സിനിമയിലെല്ലാം കണ്ടിട്ടുണ്ടാകും...........അതിന് പഞ്ചസാരയേക്കാള്‍ മധുരമാണ്... .....???

ഞാന്‍ ആലോചിച്ചു നോക്കി...!! ഹാ ശരിയാട്ടാ..... അതാണ്‌ ചുണ്ടെല്ലാം തിളങ്ങുന്നത്
എടുത്ത് കാണിക്കുന്നത് ലെ ??അപ്പൊ ഇതായിരുന്നല്ലേ കാര്യം....ലെ.....!!  അങ്ങനെ വരട്ടെ...!!

എനിക്ക് അത്ഭുതം തോന്നി...!! എനിക്ക് നൂറു ശതമാനവും അത് സത്യമാണെന്ന് ഉറപ്പായി...!!
ഹോ..... വേറാരും ഇത്ര കാലം എന്നോട് പറഞ്ഞു തന്നില്ല...!!
വിനീഷേട്ടനോട് ഒരുപാട് ബഹുമാനം തോന്നി... അല്ലാതെ വേറെ ആര് പറഞ്ഞു തരും ഇതെല്ലാം... 

വിനീഷേട്ടന്‍ പറഞ്ഞു... എനിക്ക് നാളെ നീതു ഉമ്മ തരാം എന്ന് പറഞ്ഞിട്ടുണ്ട്...
നീയും വേണമെങ്കില്‍ ചിഞ്ചൂന്റെ അടുത്തൂന്ന് ഒരു ഉമ്മ വാങ്ങിക്കോ..?? ഞാന്‍ പറയാം അവളോട്‌..!!

മനസ്സില്‍ ചെറിയ ആഗ്രഹം ഒക്കെ ഉണ്ടായിരുന്നെങ്കിലും ഞാന്‍ പറഞ്ഞു...!!
അയ്യയ്യേ... എനിക്കൊന്നും വേണ്ട... ഞാന്‍ ചെറിയ കുട്ടിയല്ലേ...!! എനിക്ക് ഇഷ്ടവുമില്ല..!! അയ്യേ .. ഹ് ഹ് !!

പാര്‍ട്ടിക്കുള്ള സാധനങ്ങളുമായി മാമന്റെ ഓട്ടോയില്‍ വന്നിറങ്ങുമ്പോള്‍
വിനീഷേട്ടന്‍ അവളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു...
എന്‍റെ നെഞ്ച് ഒന്ന് ഇടിച്ചു..!! ഇനി കഴിഞ്ഞ തവണത്തെ പോലെ അവന്‍ പറഞ്ഞു കാണുമോ...!!
ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി... വിനീഷേട്ടന്‍ എന്തോ പറഞ്ഞു കൊടുത്തപോലെ
ഉം.... ഊം ..... എന്നാ ഭാവത്തില്‍ ചിരിച്ചു തലയാട്ടി...

സാധനങ്ങള്‍ എടുത്ത് വക്കുമ്പോള്‍ വിനീഷേട്ടന്‍ എന്നോട് പറഞ്ഞു...!!
ഞാന്‍ അവളോട്‌ പറഞ്ഞു...!! പക്ഷെ നീ നേരിട്ട് ചോദിച്ചാലെ തരൂ എന്നാ പറഞ്ഞത്...!!

എനിക്ക് ചിരി വന്നു...!! അപ്പൊ ഇതൊക്കെ ഇത്രേ ഉള്ളൂ... !!
നമ്മള്‍ വെറുതെ ആലോചിച്ചു ടെന്‍ഷന്‍ അടിച്ചു....!!
പ്ലേറ്റ് വച്ചു കൊടുക്കുമ്പോഴും, വെള്ളം ഒഴിച്ച് കൊടുക്കുമ്പോഴും എല്ലാം
അവള്‍ എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു....
ഇത് കൂടി കണ്ടപ്പോള്‍ ലോകത്തിലെ ഏറ്റവും മധുരം കൂടിയ ആ സംഭവം ഞാനും
ഇന്നറിയാന്‍ പോകുകയാണല്ലോ എന്നോര്‍ത്തപ്പോള്‍... എനിക്ക് നില്‍ക്കാന്‍ പറ്റുന്നില്ല..

പാര്‍ട്ടി കഴിഞ്ഞ് ചിഞ്ചൂ നെ നോക്കി തിരയുമ്പോഴാണ്.. ശൂ... ശൂ... ന്നു ഒരു ശബ്ദം
നോക്കുമ്പോ ആ ചെറിയ മുറിയില്‍ നിന്ന് ചിഞ്ചുവാണ്..
എന്തായാലും വിനീഷേട്ടന്‍ പറഞ്ഞു ശരിയാക്കിയിട്ടുള്ളതല്ലേ  ..

കള്ള പന്നി എന്നെ പറ്റിക്കുകയായിരുന്നു എന്ന് എനിക്ക് അറിയില്ലല്ലോ...??
എനിക്ക് അവളോട്‌ ഒറ്റയ്ക്ക് ഒരു  കാര്യം പറയാനുണ്ടെന്ന് മാത്രേ അവന്‍ പറഞ്ഞിരുന്നുള്ളൂ ...
പക്ഷെ അതൊന്നും അറിയാതെ ഞാന്‍ മധുരം നുണയാനുള്ള തിരക്കിലായിരുന്നു...!!

ഇനി ഇപ്പൊ സമയം കളയണ്ട... ആരെങ്കിലും വരുന്നതിനു മുമ്പ്
ട്ടപ്പേ... ന്നു പോയി ചോദിക്കാ.. വാങ്ങ്വാ  ... പോര്വാ...

ഇത്തവണ ഒട്ടും മടിച്ചില്ല... ചെറിയ പേടി ഉണ്ടായിരുന്നെങ്കിലും..
ഓടിച്ചെന്ന്.. അവളുടെ കൈ പിടിച്ച് വലിച്ച്‌.... അങ്ങോട്ട്‌  നീക്കി നിര്‍ത്തി

കൂള്‍ ആയിട്ട് ചോദിച്ചു..... 



,,,,,,,,,,,,,,,,,,,,ചിഞ്ച്വോ... എനിക്ക് ഒരു ഉമ്മ തര്വോ...?????,,,,,,,,,,,,,,,,,,,,,,,,  





അവളൊരു ഞെട്ടല്‍ ഞട്ടി.. കൈ വിടുവിച്ച്.... പിന്നിലേക്ക്‌ മാറി രണ്ടു കൈ കൊണ്ടും
മുഖം പൊത്തി കരഞ്ഞു തുടങ്ങി... മെല്ലെ കരച്ചിലിന്റെ ശബ്ദം കൂടി കൂടി വന്നു തുടങ്ങി..!!

എനിക്ക് എന്താ ചെയ്യണ്ടേ എന്നറിയാതെ ആയി.... ഞാന്‍ ആകെ പേടിച്ച്  പോയി
അപ്പോഴേക്കും വിനീഷേട്ടന്‍ ഓടി വന്നു...അവളുടെ  കൈ പിടിച്ച് മാറ്റി എന്തൊക്കെയോ പറഞ്ഞ്‌
അവളെ ആശ്വസിപ്പിക്കാന്‍ നോക്കി...!!!!

അപ്പോഴേക്കും എല്ലാരും ഓടി വന്ന്.... എന്താ കാര്യം എന്ന് ചോദിച്ചു തുടങ്ങി....!!!

എന്‍റെ നെഞ്ച് പട പടാ.. ഇടിക്കാന്‍ തുടങ്ങി.... കണ്ണ് കലങ്ങി
പേടിച്ച് വിയര്‍ത്ത് കൈയ്യൊക്കെ വിറച്ചു തുടങ്ങി .....

അപ്പോഴേക്കും ആ കുറ്റം വിനീഷേട്ടന്‍ ഏറ്റെടുത്തു....!!

അയ്യേ... അതൊന്നുമില്ല.... ഞാന്‍ അവളെ ഒന്ന് കളിയാക്കിയതാ...
അയ്യേ... ഇവള്‍ ഇത്രക്കെ ഉള്ളൂ... നിങ്ങള്‍ പൊക്കോ .....നിങ്ങള്‍ പൊക്കോ .....
ഇത് ഞാന്‍ പറഞ്ഞ്‌ ശരിയാക്കിക്കോളാം... അത് പറഞ്ഞ്‌ അവളുടെ കണ്ണെല്ലാം തുടച്ചു കൊടുത്ത്
പുറത്തെല്ലാം തട്ടി ....  ചോക്ലേറ്റ് എല്ലാം കൊടുത്ത് തല്‍ക്കാലം സമാധാനിപ്പിച്ചു...!!

അവള്‍ രൂക്ഷമായി മൂക്ക് ഉതിച്ച് ( കാളയൊക്കെ ദേഷ്യം വരുമ്പോ ശ്വാസം വിടുന്നത് കണ്ടിട്ടില്ലേ.. അത് പോലെ..)
 എന്നെ ഒരു നോട്ടം നോക്കി ...... ഞാന്‍ ദഹിച്ചു പോയി 

വിനീഷേട്ടന്‍ എന്നെ നോക്കി തലയില്‍ കൈ വച്ച്‌ പൊട്ടി  പൊട്ടി ചിരിച്ചു ... അടുത്ത് വന്ന് ചേര്‍ത്ത് പിടിച്ച്
പുറത്ത് രണ്ടു തട്ട് തട്ടി പറഞ്ഞു... പോട്ടെ സാരലല്യ....

അവള്‍ പോകുന്നത് വരെ പിന്നെ ഞാന്‍ പേടിച്ച് അവളുടെ മുഖത്ത് നോക്കിയില്ല..!!
ഇനി ആരോടെങ്കിലും പറയോ... എന്ന് കൂടി പേടി ഉണ്ടായിരുന്നു....!!

ഭാഗ്യത്തിന് ആരോടും പറഞ്ഞില്ല.. 
ഞാന്‍ തട്ടിന്‍ മുകളില്‍ ഒളിച്ചു നിന്ന് അവരെ നോക്കി ....
പോകാന്‍ നേരം  കണ്ണ് തുറിച്ച് അവള്‍ എന്നെ തിരയുന്നുണ്ടായിരുന്നു...

അന്ന് തന്നെ ഞാന്‍ എന്‍റെ വീട്ടിലോട്ടു പോന്നു...!!
അവിടെ കളിയും, തല്ലുകൂടലും ഒക്കെയായി ഞാന്‍ ആ കാര്യമൊക്കെ മറന്നു..!!

യു പി യില്‍ ഞാനും അവളും വേറെ വേറെ സ്കൂളില്‍ ആയിരുന്നു...
ഒരിക്കലും നേരിട്ട് കണ്ടു മുട്ടേണ്ടി വന്നിട്ടില്ല...

പക്ഷെ അത് കഴിഞ്ഞ് ഒരുപാട് തവണ മുന്നില്‍ പെട്ടിട്ടുണ്ട്...
എന്ന് കാണുമ്പോഴും.. വളരെ ഫോര്‍മല്‍ ആയി ഞങ്ങള്‍ കാര്യങ്ങള്‍ അന്വേഷിക്കും
പക്ഷെ രണ്ടു പേരുടെ മുഖത്തും ആ കള്ള ചിരി കാണും....

ഈ അടുത്തിടെ പമ്പില്‍ വച്ച്‌ അവളെ കണ്ടു... അവള്‍ക്ക് രണ്ടു കുട്ടികളായി
ഞാന്‍ കാണുമ്പോള്‍
ഒരു കുട്ടി ബൈക്കിന്റെ  പെട്രോള്‍ ടാങ്കിന്റെ മുകളിലും .. ഒന്ന് അവളുടെ മടിയിലും ഇരിക്കായിരുന്നു 





എന്നെ കണ്ടപ്പോള്‍ അവള്‍ ചിരിച്ചു ...!! എന്താ ചെയ്യുന്നത്  എന്ന് ചോദിച്ചു...!!
ഭര്‍ത്താവിന് എന്നെ പരിചയപ്പെടുത്തി.. ഇത് അനൂപ്‌... എന്‍റെ ഒപ്പം പഠിച്ചതാ...
നമ്മുടെ വലിയപുരക്കലെ  സുരേന്ദ്രേട്ടന്‍  ഇല്ലേ ... സുരേന്ദ്രേട്ടന്‍റെ  പെങ്ങളുടെ മോനാ...

അവന് എന്നെ എവിടെയോ കണ്ടു പരിചയം ഉണ്ടെന്ന് പറഞ്ഞു...!! ടൌണില്‍ വച്ച് ഉള്ള കണ്ടു പരിചയമാവും
എന്ന് ഞാന്‍ പറഞ്ഞു... സംഭവം ശരിയായി ..... അങ്ങനെ സംസാരിച്ചു വന്നപ്പോ
ടൌണ്‍ ല്‍ ഉള്ള എന്‍റെ ഫ്രണ്ട് സ് ഒക്കെ അവന്‍ അറിയുന്നവരാണ്...!!! ഞങ്ങള്‍ അങ്ങനെ അവന്മാരുടെ
ഓരോ കാര്യങ്ങള്‍ പറഞ്ഞ് ചിരിക്കുന്നതിനിടയില്‍....... ഞാന്‍ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി..!!

അവള്‍ എന്നെ നോക്കി അന്ന് നാലാം ക്ലാസ്സില്‍ ചിരിച്ചിരുന്ന പോലെ ഒരു ചിരി ചിരിച്ച് തലയാട്ടി....!!

ആ ചിരി കൊണ്ടെന്താ അവള്‍ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി...!!

ഹ്മം... എന്താ....... അവരുടെ വര്‍ത്താനം!!... അങ്ങേര്‍ക്കറിയില്ലല്ലോ നീയേതാ മുതലെന്ന്  ...!!
നാലാം ക്ലാസ്സില്‍ ട്രൌസര്‍ ഇട്ടു നടക്കുന്ന കാലത്ത് എന്നോട് ഉമ്മ ചോദിച്ച എന്‍റെ ബാല്യ കാല കാമുകനല്ലേടാ കള്ള പന്നീ..  നീ .... ???

--


Thanks&Regards...
          Anoop